Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പി തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്ന് നിര്‍ദേശം നല്കി. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
2026 ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 3.15 ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും അവരെ ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതു സ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈയ് മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നിലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പിതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോടു റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്നു നിര്‍ദേശം നല്കി.
ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കാന്‍ മാറ്റി. കഴിഞ്ഞ മാസം 25ന് ഉച്ചകഴിഞ്ഞ് 3.15ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചുകയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തടയാനും ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതുസ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈകൾ മന്ത്രിയുടെ ദേഹത്തു സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു ഹര്‍ജി.
Kerala
പത്തനംതിട്ട: ഇടതു സർക്കാരിന്റെയും ആറന്മുള മണ്ഡലത്തിന്റെയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വീണാ ജോർജ്, ആറന്മുളയ്ക്കു പുതുയുഗം ലക്ഷ്യമെന്ന് അബിൻ വർക്കി. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാർഥി സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ജനോപകാരപ്രദമായ പദ്ധതികളാണ് ആറന്മുളയിലേക്ക് ലക്ഷ്യമിടുന്നതെന്ന് എൻഡിഎ സ്ഥാനാർഥിയുടെ പ്രതിനിധിയായി എത്തിയ കെ. ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആറന്മുള മണ്ഡലത്തിലുണ്ടായ മാറ്റങ്ങളാണ് വീണാ ജോർജ് ഉയർത്തിക്കാട്ടിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ തുടങ്ങി അടിസ്ഥാന സൗകര്യരംഗത്ത് വൻ മാറ്റങ്ങളുണ്ടായി. നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളുടെയും മുഖച്ഛായയിൽ മാറ്റമുണ്ടായി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെ സ്പെഷലൈസ്ഡ് വിഭാഗങ്ങൾ നിലവിൽ വന്നു. സാധാരണക്കാർക്ക് അപ്രാപ്യമായ ചികിത്സാ സംവിധാനങ്ങളെല്ലാം ഇന്ന് കൈയെത്തും ദൂരത്തായി. കോന്നി മെഡിക്കൽ കോളജ്, ജില്ലയിൽ നാല് നഴ്സിംഗ് കോളജുകൾ ഇവയെല്ലാം ഇക്കാലയളവിലെ നേട്ടങ്ങളാണെന്ന് വീണാ ജോർജ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മോഡറേറ്ററായിരുന്നു.
ജില്ലാ സ്റ്റേഡിയത്തിനു പാര വച്ചവർ
ജില്ലാ സ്റ്റേഡിയം പുനർ നിർമിക്കാനുള്ള പദ്ധതിക്ക് തുരങ്കം വച്ചവരാണ് യുഡിഎഫുകാരെന്ന് വീണാ ജോർജ് ആരോപിച്ചു. സ്റ്റേഡിയത്തിനുവേണ്ടി 2016 മുതൽ 19 വരെയുള്ള കാലയളവിൽ നടത്തിയ നീക്കങ്ങൾക്ക് അന്നത്തെ യുഡിഎഫ് നഗരസഭാ കൗൺസിൽ പിന്തുണച്ചില്ല. ഇതിനുവേണ്ടി സമരം വരെ ചെയ്യേണ്ടിവന്നു. സ്റ്റേഡിയത്തിന് അനുവദിച്ച ഫണ്ട് തന്നെ നഷ്ടമാകുമെന്ന ഘട്ടത്തിലെത്തി. പിന്നീട് എൽഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തിയതോടെയാണ് സ്റ്റേഡിയം നിർമിക്കാനായത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉയരുന്നതോടെ പത്തനംതിട്ട സാമൂഹിക, സാന്പത്തിക വ്യവസ്ഥയിൽ തന്നെ മാറ്റമുണ്ടാകും.
സ്റ്റേഡിയത്തോടു ചേർന്ന് പലതവണ ശിലാസ്ഥാപനം നടത്തിയ ഇൻഡോർ സ്റ്റേഡിയം എവിടെയെന്ന് യുഡിഎഫുകാർ മറുപടി പറയണം. നിർമാണം തുടങ്ങാൻ അനുമതി ആയ ഘട്ടത്തിലും ജില്ലാ സ്റ്റേഡിയത്തിനെതിരേ പലയിടത്തു നിന്നും നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് മുന്നോട്ടു നീങ്ങിയത്. ആദ്യഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്. അടുത്ത ഘട്ടം മൂന്നുമാസത്തിനകം പൂർത്തിയാകും.
അബാൻ മേൽപാലത്തിന്റെ നിർമാണത്തിലുണ്ടായത് സ്വാഭാവിക കാലതാമസമാണ്. നിയമക്കുരുക്കുകൾ അഴിച്ചശേഷമേ മുന്നോട്ടു നീങ്ങാനാകൂ. കോഴഞ്ചേരി പാലം നിർമാണം വൈകിയതും ഇക്കാരണത്താലാണ്. ആറന്മുളയുടെ സാംസ്കാരിക പൈതൃകം നിലനിർത്താനുള്ള പദ്ധതികൾ ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
സിസ്റ്റം വർക്കാക്കുമെന്ന് അബിൻ വർക്കി
തനിക്ക് അവസരം നൽകിയാൽ വർക്കാകാത്ത സിസ്റ്റം വർക്ക് ചെയ്യിപ്പിക്കാമെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ അവകാശപ്പെടുന്ന വികസന പദ്ധതികൾ പലതും യുഡിഎഫ് കാലത്ത് അനുവദിച്ചതും തുടങ്ങിവച്ചതുമാണ്. ഇഴഞ്ഞുനീങ്ങുന്ന അബാൻ മേൽപാലം നിർമാണം പത്തനംതിട്ടയുടെ വ്യാപാര മേഖലയെയും ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചു. കോഴഞ്ചേരിയിൽ പാലമാണോ അപ്രോച്ച് റോഡാണോ ഉദ്ഘാടനം ചെയ്തതെന്നു മന്ത്രി വ്യക്തമാക്കണം. പൂർത്തിയാകാത്ത കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനം ചെയ്തത്.
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നവർ ഇൻഷ്വർ ചെയ്യണമെന്ന് നോട്ടീസ് പുറപ്പെടുവിച്ചത് അവിടെ ജോലി ചെയ്യുന്ന ഡോക്ടറാണ്. കൊട്ടിഘോഷിച്ച മെഡിക്കൽ കോളജിലേക്ക് ഒരാളെയെങ്കിലും പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിൽ നിന്ന് ഇന്നേവരെ റഫർ ചെയ്തിട്ടുണ്ടോയെന്ന് അബിൻ വർക്കി ആരാഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുന്നില്ല
ഇടതു, വലതു മുന്നണികൾ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പ്രതിനിധി കെ.ഹരിദാസ് പറഞ്ഞു. ആറൻമുള പൈതൃക ഗ്രാമം അവഗണന നേരിടുന്നു. ശബരിമല സ്വർണക്കൊള്ള പോലെയുള്ള വൻഅഴിമതികളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നും പറഞ്ഞു. ആറന്മുളയിലടക്കമുള്ള കാർഷിക മേഖലയുടെ പുരോഗതിക്ക് രണ്ട് മുന്നണികളും ഒന്നും ചെയ്യുന്നില്ല. ഏക്കർ കണക്കിനു പാടശേഖരങ്ങളാണ് തരിശുകിടക്കുന്നത്. കേന്ദ്ര സഹായത്തോടെയുള്ള ജനക്ഷേമ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രദ്ധിക്കുന്നില്ലെന്നും ആറന്മുളയ്ക്ക് ഒരു മാറ്റമാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും ഹരിദാസ് പറഞ്ഞു.
വിദേശ സർവകലാശാലകളുമായി കൈകോർക്കണം
വിദേശ സർവകലാശാലകളുമായി കൈകോർത്ത് നമ്മുടെ കുട്ടികൾക്ക് പത്തനംതിട്ടയിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ടാകണമെന്ന് അബിൻ വർക്കി പറഞ്ഞു. കുട്ടികൾ ഉന്നത വിദ്യാഭ്യാസം തേടി മറ്റിടങ്ങളിലേക്ക് പോകുന്നത് തടയണമെങ്കിൽ നാട്ടിൽതന്നെ നല്ല സ്ഥാപനങ്ങളുയരണം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നഴ്സിംഗ് കോളജുകൾ സ്ഥാപിച്ചിട്ടു കാര്യമില്ലെന്ന് അബിൻ വർക്കി പറഞ്ഞു.വയോജന ക്ഷേമത്തിനു യുഡിഎഫ് മുൻഗണന നൽകും. ഒറ്റപ്പെട്ടു കഴിയുന്ന ധാരാളം മാതാപിതാക്കളും വയോധികരും ഉള്ള നാടാണിത്. അവരെ ചേർത്തു പിടിക്കും. ജില്ലാ ആസ്ഥാനത്തെ ജനപ്രതിനിധിയുടെ ഓഫീസിന് വയോധികരെ അച്ഛനമ്മമാരെ പോലെ ചേർത്തുപിടിച്ച് മുന്നോട്ടു പോകാനാകണം.
ശബരിമല സ്വർണക്കൊള്ളയിൽ എന്താണ് നടപടി
ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളിത്തമുള്ളവർക്കെതിരേ എന്തു നടപടിയെന്ന ചോദ്യവുമായി യുഡിഎഫും എൻഡിഎയും രംഗത്തെത്തി. അഴിമതിക്കു കൂട്ടുനിൽക്കുന്നവരാണ് യുഡിഎഫും എൽഡിഎഫുമെന്ന് കെ. ഹരിദാസ് ആരോപിച്ചു.ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരേ എന്തു നടപടിയാണുണ്ടായതെന്ന് അബിൻ വർക്കി ആരാഞ്ഞു. സിപിഎം ഇവർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നായിരുന്നു വീണാ ജോർജിന്റെ മറുപടി.
Kerala
ആറന്മുളയിൽ മൂന്നാമൂഴത്തിനിറങ്ങിയ ആരോഗ്യമന്ത്രി വീണാ ജോർജിനെ എതിരിടുന്നത് കോൺഗ്രസിന്റെ യുവശബ്ദം അബിൻ വർക്കിയും കേരളത്തിലെ ബിജെപിയുടെ തലതൊട്ടപ്പനെന്നു വിശേഷണം ചാർത്താവുന്ന കുമ്മനം രാജശേഖരനുമാണ്.
മാധ്യമ പ്രവർത്തനത്തിൽനിന്നും രാഷ്ട്രീയത്തിലിറങ്ങി കുറഞ്ഞ കാലം കൊണ്ട് മന്ത്രിയും സിപിഎം സംസ്ഥാന സമിതിയിൽ ക്ഷണിതാവും വരെയായി ഉയർന്ന വീണയ്ക്ക് രണ്ട് ടേം എന്ന നയമോ, മത്സരിക്കാനില്ലെന്ന കുടുംബത്തിന്റെ നിലപാടോ വിലങ്ങുതടിയായില്ല. സിപിഎം കോട്ടയൊന്നുമല്ലാത്ത ആറന്മുള 2016ല്‍ കോൺഗ്രസിൽനിന്നു പിടിച്ചെടുക്കുകയും 2021ൽ വർധിത ഭൂരിപക്ഷത്തോടെ ഇത് നിലനിർത്തുകയും ചെയ്ത സിറ്റിംഗ് എംഎൽഎയ്ക്ക് ഇത്തവണ കേരളത്തിന്റെ ആരോഗ്യമന്ത്രി എന്ന പദവികൂടി യുണ്ട് മത്സരത്തിന് മാറ്റ് കൂട്ടാന്‍.
സംസ്ഥാന സർക്കാർ പ്രധാന നേട്ടമായി ഉയർത്തിക്കാട്ടുന്നത് ആരോഗ്യമേഖലയ്ക്കുണ്ടായ പുരോഗതിയും സർക്കാർ ആശുപത്രികളുടെ മുഖച്ഛായയിലുണ്ടായ മാറ്റങ്ങളുമാണ്. ആറന്മുളയിലും ഇതേ പ്രചാരണം ആവർത്തിക്കുന്പോൾ ആരോഗ്യരംഗം വെന്റിലേറ്ററിലെന്നതാണ് യുഡിഎഫ് ആരോപണം. പത്തുവർഷമായി പ്രതിപക്ഷത്തായിരുന്ന യുഡിഎഫിനെ പലവേദികളിലും പ്രതിരോധിച്ചു നിന്നിരുന്ന ശബ്ദമാണ് അബിൻ വർക്കി. യൂത്ത് കോൺഗ്രസ്, അഖിലേന്ത്യ സെക്രട്ടറി കൂടിയായ അബിൻ വർക്കി കോടിയാട്ട് എന്ന കോലഞ്ചേരിക്കാരന്റെ കന്നി അങ്കം. സമരരംഗത്തും ചർച്ചകളിലുമായി നേതൃനിരയിലേക്ക് പൊടുന്നനെ ഉയർന്നുവന്ന അബിന്റെ സ്ഥാനാർഥിത്വം യുഡിഎഫ് അണികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്.
ആറന്മുള തന്റെ പ്രവർത്തനമണ്ഡലമായിരുന്നെങ്കിലും ഇതാദ്യമായാണ് കുമ്മനം രാജശേഖരൻ ഇവിടെ സ്ഥാനാർഥിയാകുന്നത്. വിമാനത്താവളം സമരത്തിലൂടെ ആറന്മുളയുടെ നേതൃനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. മണ്ഡലത്തിലാകമാനം മുഖവുര ആവശ്യമില്ലാത്ത നേതാവാണ് കുമ്മനം.
സംസ്ഥാനത്തുതന്നെ ഏറ്റവുമധികം വോട്ടർമാരുള്ള മണ്ഡലമാണ് ആറന്മുള. വിസ്തൃതിയിലും പിന്നോക്കമല്ല. പഴയ പത്തനംതിട്ടയും ആറന്മുളയും സംയോജിപ്പിച്ച് 2008ലെ മണ്ഡല പുനഃക്രമീകരണ ഘട്ടത്തിൽ നിലവിൽ വന്നതാണ് ഇപ്പോഴത്തെ ആറന്മുള മണ്ഡലം. 12 ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും മണ്ഡലപരിധിയിലുണ്ട്. 2,14,575 വോട്ടർമാരാണ് നിലവിലുള്ളത്. 2021ൽ 2,28,468 വോട്ടർമാരുണ്ടായിരുന്നതിൽ 1,61,291 പേരാണ് പോളിംഗ് ബൂത്തിലെത്തിയത്.
പത്തനംതിട്ട, ആറന്മുള മണ്ഡലങ്ങളുടെപഴയകാല ചരിത്രം പരിശോധിച്ചെങ്കിലും പുതിയ ആറന്മുളയുടെ രാഷ്ട്രീയ കാഴ്ചപ്പാട് കൃത്യമായി വിലയിരുത്താനാകൂ. എന്നാൽ, മണ്ഡല പുനഃക്രമീകരണത്തോടെ മാറ്റങ്ങളും പ്രകടമാണ്. 2011ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ. ശിവദാസൻ നായരാണ് വിജയിച്ചത്.
2016ൽ 7646 വോട്ടുകൾക്കും 2021ൽ 19,003 വോട്ടുകൾക്കും ശിവദാസൻ നായർ, വീണാ ജോർജിനോടു തോറ്റു. എന്നാൽ ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പമാണ് നിന്നിട്ടുള്ളത്. 2009, 2014,2019, 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ആറന്മുളയിൽ കോൺഗ്രസിലെ ആന്റോ ആന്റണിക്കായിരുന്നു ലീഡ്. 2019ൽ വീണാ ജോർജ് തന്നെയായിരുന്നു ആന്റോയുടെ എതിരാളി.
എന്നാൽ, നിയമസഭയിലേക്ക് യുഡിഎഫ് പിന്നിലാകുന്നതാണ് കണ്ടുവരുന്നത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മണ്ഡലപരിധിയിലെ ഒരു പഞ്ചായത്തിൽ മാത്രമാണ് എൽഡിഎഫ് ഭരണം. രണ്ടിടത്ത് ബിജെപി ഭരിക്കുന്നുണ്ട്. 2020 ൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലും എൽഡിഎഫാണ് അധികാരത്തിലെത്തിയിരുന്നത്.
ആരോഗ്യമന്ത്രിയുടെ സ്വന്തം തട്ടകത്തിൽ അവരെ തളയ്ക്കുകയെന്നതാണ് ഇത്തവണ യുഡിഎഫിന്റെ ലക്ഷ്യം. പ്രതിപക്ഷ നേതൃനിരയോടടക്കം നിരവധി പോർമുഖങ്ങളിൽ വീണാ ജോർജിന് പോരടിക്കേണ്ടിവന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകരുമായുണ്ടായ സംഘർഷം അടക്കം വീണാ ജോർജ് -പ്രതിപക്ഷ പോരിന് കളമൊരുക്കിയ സംഭവങ്ങളാണ്. ആരോഗ്യമേഖലയിലെ തകർച്ച പ്രതിപക്ഷത്തിന്റെ പ്രധാന വിഷയമാകുന്പോഴും മറുപടി പറയേണ്ടത് മന്ത്രി തന്നെയാണ്.
പ്രതിരോധത്തോടൊപ്പം ആറന്മുളയുടെ വികസനംകൂടി എടുത്തുകാട്ടിയാണ് വീണാ ജോർജിന്റെ പ്രചാരണം. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ആശുപത്രികളുടെ വികസനം, കോഴഞ്ചേരി പാലം, പത്തനംതിട്ട അബാൻ മേൽപ്പാലം, റോഡുകൾ, സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ മന്ത്രിയുടെ നേട്ടപ്പട്ടികയിലുണ്ട്. ഇഴയുന്ന അബാൻ മേൽപ്പാലവും പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയ സംവിധാനങ്ങളും യുഡിഎഫ് പ്രചാരണ വിഷയമാക്കുകയാണ്.
വികസനവും വിവാദവും ഒന്നിച്ചു ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമായി ആറന്മുള മാറിക്കഴിഞ്ഞു. ശബരിമലയുടെ നാട്ടിൽ സ്വർണക്കൊള്ള ഉന്നയിച്ച് ഇരുമുന്നണികളെയും നേരിടാനാണ് എൻഡിഎയുടെ ശ്രമം. മണ്ഡലത്തിൽ എൻഡിഎയ്ക്ക് ക്രമാനുഗതമായി വർധിച്ചുവരുന്ന വോട്ടുകൾ ഇത്തവണയും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിശ്വാസം.
ഇതിനൊപ്പം കുമ്മനം രാജശേഖരന്റെ വ്യക്തി ബന്ധങ്ങളിലും എൻഡിഎ പ്രതീക്ഷ അർപ്പിക്കുന്നു. ബിജെപി നേടുന്ന വോട്ടുകൾ ഇരുമുന്നണികളുടെയും സാധ്യതകളെ ബാധിക്കുമെന്നതിലും തർക്കമില്ല. ശക്തരായ മൂന്നു പേർ മത്സരരംഗത്തുള്ളപ്പോൾ ആറന്മുളയിലെ പോരാട്ടം പ്രവചനാതീതമാണ്.
District News
പത്തനംതിട്ട: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോർജ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ റോഡ്ഷോ നടത്തി. സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റോഡ് ഷോ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തിയത്.
കടമ്മനിട്ട, നാരങ്ങാനം, കോഴഞ്ചേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ, ഇലന്തൂര്‍, കുളനട, ആറന്മുള, മെഴുവേലി, ചെന്നീര്‍ക്കര, ഓമല്ലൂര്‍ വഴി നടന്ന റോഡ് ഷോ പത്തനംതിട്ടയിൽ സമാപിച്ചു.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളും പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കിയെന്ന് മന്ത്രി വീണാ ജോർജ്. ഇതോടെ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകും.
കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിംഗ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്ക്കരിച്ചത്. വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്കി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി പ്രകാരമുള്ള കാര്‍ഡുള്ളത്. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ചികിത്സ നല്കി വരുന്നുണ്ട്.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം നാലിന് പുറത്തിറങ്ങിയ പ്രവർത്തകർക്കായി ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു.
വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നല്‍കിയിരുന്നു.
കോൺഗ്രസ് പ്രവർത്തകരെ മനപൂർവം താറടിച്ചുകാണിക്കാനുള്ള ശ്രമമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ജാമ്യത്തിലിറങ്ങിയ പ്രവർത്തകർ ആരോപിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുല്‍,അക്ഷയ് മാട്ടൂല്‍, ബിതുല്‍ ബാലന്, സി.എച്ച്.മുബാസ്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം. ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ നടന്ന ജനാധിപത്യപരമായ കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമാക്കി മാറ്റാൻ ശ്രമിച്ച മന്ത്രിയും സിപിഎമ്മും പോലീസും കെഎസ്യു പ്രവർത്തകർക്ക് കോടതി ജാമ്യം നൽകിയതോടെ നാണം കെട്ട് അപഹാസ്യരായെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്.
രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കാൻ കെഎസ്യു നേതാക്കൾക്കെതിരേ കള്ളക്കേസ് കെട്ടിച്ചമച്ച പോലീസ് വരുംനാളുകളിൽ ഇതിന് മറുപടി പറയേണ്ടി വരും. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചുവെന്ന് എഫ്ഐആറിൽ കള്ളം എഴുതിച്ചേർത്ത പോലീസിന്, കോടതിയിൽ കരിങ്കൊടിയല്ലാതെ മറ്റൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല.
മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും പ്രതിഷേധക്കാർക്കിടയിൽ കേവലം "ഉന്തും തള്ളുമാണ്' ഉണ്ടായതെന്നുമുള്ള പോലീസുകാരുടെതന്നെ മൊഴികൾ കോടതി ഗൗരവത്തോടെയാണ് നോക്കിക്കണ്ടതെന്നും പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
Kerala
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രതികൾക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യ മന്ത്രിക്കെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടായെന്നും വധശ്രമം നടന്നുവെന്നുമാണ് പോലീസ് ചാർജ് ചെയ്ത കേസ്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടന്നു വരുമ്പോഴാണ് മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചു എന്ന വാദത്തിന് തെളിവായി വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇത് പ്രോസിക്യൂഷന്റെ വാദങ്ങളെ ദുർബലപ്പെടുത്തിയതാണ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ ഇടയാക്കിയത്. മന്ത്രിക്കെതിരെ ശാരീരികമായ ആക്രമണം നടന്നതായി ദൃശ്യങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് രണ്ടാഴ്ചയിലധികമായി തടവിൽ കഴിഞ്ഞിരുന്ന കെഎസ്യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
Kerala
തിരുവനന്തപുരം: കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത വ്യക്തമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ സർജറി വിഭാഗം മേധാവിക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്.
നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്കട നടപടി നേരിട്ട ആളാണെന്ന് മന്ത്രി ആരോപിച്ചു. വീടിന് സമീപത്ത് ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയതിന് വിജിലൻസ് ഇയാളെ പിടികൂടിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
വിജിലൻസ് റിപ്പോർട്ടിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിൽ പരാതി ശരിയാമെന്ന് ബോധ്യപ്പെട്ടതാണെന്നും പിന്നാലെ ഡോക്ടറുടെ ഒരു ഇൻക്രിമെന്റ് തടഞ്ഞതായും മന്ത്രി വ്യക്തമാക്കി. ഡോക്ടർ ശിവപ്രസാദിന് മറ്റ് താത്പര്യങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
ഓരോ മെഡിക്കൽ കോളജിന്റെയും നിലവാരം അനുസരിച്ച് ആണ് ചികിത്സ സൗകര്യം. കോന്നിയിൽ റോബോട്ടിക് സർജറി പറ്റില്ല. കോന്നി മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ എല്ലാം തുടങ്ങിയത് ഇടത് സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പിന്നാലെ സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് നീക്കം ചെയ്യുകയായിരുന്നു.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില് ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്. കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു.
പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട മറ്റു പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്റെ കുട്ടികളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുട്ടികള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. തനിക്ക്് കണ്ണൂരിലേക്ക് പോകേണ്ടിവന്നു.
സാധാരണ നിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.
വീണതന്നെ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി മത്സരിക്കാം എന്നതായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടയെന്നും ജോര്‍ജ് പറയുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെഎസ്യു നേതാക്കളെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ചു പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെഎസ്യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നും കോൺഗ്രസും കെഎസ്യുവും ആരോപിക്കുന്നു.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ ആറന്മുളയില് ഇനി മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം വ്യക്തിപരമായിരുന്നുവെന്ന് ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ്.
കുടുംബത്തിന് വീണയുടെ സാന്നിധ്യം കൂടുതലായി വേണമെന്ന ഒരു തോന്നല്‍ ഉണ്ടായതുകൊണ്ടാണ് ഇത്തവണ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. രാവിലെ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടി അംഗമെന്ന നിലയില്‍ സിപിഎം തീരുമാനം അംഗീകരിക്കാന്‍ വീണയ്ക്കു ബാധ്യതയുണ്ടെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവവികാസങ്ങള്‍ ഏറെ വേദനിപ്പിച്ചു. ഈ സംഭവത്തില്‍ തന്റെ കുഞ്ഞുങ്ങളുടെ വേദന കണ്ടാണ് ഇനി മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത്. കണ്ണൂര്‍ സംഭവം ടിവിയിലൂടെ അറിയുമ്പോള്‍ താന്‍ കൊടുമണ്‍ അങ്ങാടിക്കലിലെ വീട്ടിലും മക്കള്‍ തിരുവനന്തപുരുത്തുമായിരുന്നു. സംഭവം അറിഞ്ഞ് കുഞ്ഞുങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. അവര്‍ വിളിച്ചുകൊണ്ടേയിരുന്നു. താന്‍ കണ്ണൂരിലേക്ക് പോകേണ്ടിവന്നുവെന്നും ജോർജ് ജോസഫ് പറഞ്ഞു.
സാധാരണനിലയില്‍ തന്നെ ബുദ്ധിമുട്ടിപ്പിക്കാന്‍ വീണ ആഗ്രഹിക്കാറില്ലെങ്കിലും അന്ന് അവിടേക്ക് വരാമെന്നു പറഞ്ഞപ്പോള്‍ വരാനാണ് പറഞ്ഞത്. കണ്ണൂരിലേക്ക് താന്‍ കൂടെ പോയപ്പോള്‍ മക്കള്‍ ഏറെ പ്രയാസപ്പെട്ടു. അവിടെ എത്തിയശേഷം അവരെ ഫോണില്‍ വിളിച്ച് വീണയുമായി സംസാരിച്ചപ്പോഴാണ് ചെറിയ ആശ്വാസം തോന്നിയത്.
വീണാ ജോര്‍ജ് തന്നെ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയാകുമെന്ന തരത്തില്‍ ഇതിനിടെ സിപിഎം തീരുമാനം വന്നു. അപ്പോഴാണ് ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്. മക്കള്‍ പ്രായമായശേഷം ഇനി നോക്കാമെന്നായിരുന്നു താത്പര്യം. പക്ഷേ പാര്‍ട്ടി തീരുമാനം മറിച്ചാണെങ്കില്‍ അതിനനുസരിച്ച് മുന്നോട്ടു പോകട്ടേയെന്നും ജോര്‍ജ് പറയുന്നു.
Kerala
പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജ് തന്നെ സ്ഥാനാര്ഥിയാകണമെന്നാവശ്യവുമായി സിപിഎം. മന്ത്രിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അവരുടെ ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിരുന്നു.
കുട്ടികളുടെ വിദ്യാഭ്യാസം അടക്കം കുടുംബവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളാണ് മാറിനില്ക്കാന് കാരണമായി പറയുന്നതൈന്നാണ് സൂചന. കുടുംബാംഗങ്ങളില്‍ ചിലരും ഈ ആവശ്യത്തോടു യോജിച്ചിരുന്നു. ഇക്കാര്യത്തില്‍ ആരും പരസ്യ പ്രതികരണത്തിനു തയാറായിട്ടുമില്ല.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെ സംസ്ഥാന കമ്മിറ്റിയിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ ആറന്മുളയുടെ കാര്യത്തില്‍ അനിശ്ചിതത്വം ഇല്ലെന്നാണ് നേതാക്കള്‍ നല്കുന്ന സൂചന. രണ്ടുതവണ ആറന്മുള എംഎല്‍എയായ വീണയ്ക്ക് മൂന്നാമതൊരു ടേം കൂടി വേണ്ടെന്ന് ഭര്‍ത്താവ് ജോര്‍ജ് ജോസഫ് മാസങ്ങള്‍ക്കുമുമ്പേ സിപിഎം നേതാക്കളെ അറിയിച്ചിരുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഇതു മുഖവിലയ്ക്കെടുക്കാതെയാണ് സിപിഎം നീങ്ങിയത്.
ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ആറന്മുളയില് വീണാ ജോര്‍ജ് തന്നെ മത്സരിക്കുമെന്ന സൂചനയും നല്കി. പിന്നീടു ജില്ലാ കമ്മിറ്റി ഔദ്യോഗികമായി നല്കിയ പട്ടികയിലും ആറന്മുളയില് ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥാനാര്‍ഥിത്വത്തിന് അന്തിമ അനുമതി ആകുന്ന ഘട്ടത്തിലാണ് പുതിയ വിവാദങ്ങളുണ്ടായത്. ഇത് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ചിലര്‍ ഉന്നയിച്ചെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച പോലുമുണ്ടായില്ല.
വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടിരിക്കുകയാണ്. വീണാ ജോര്‍ജ് സംസ്ഥാന സമിതിയില്‍ ക്ഷണിതാവു കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെ നിലപാട്. രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരാലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളേ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമാണ്. കഴുത്തിന് കോളര്‍ ധരിച്ചാണ് യാത്രകള്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണാ ജോര്‍ജിന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിയന്ത്രിച്ചിരുന്ന ടീമും ഇന്നലെ മുതല്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.
സംസ്ഥാന നേതാക്കള്‍ ഇടപെട്ട് വീണാ ജോര്‍ജിനെ തന്നെ രംഗത്തിറങ്ങുമെന്ന സൂചനയാണ് ജില്ലയിലെ സിപിഎം നേതാക്കളും നല്‍കുന്നത്.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ്. കുടുംബപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറി കൂടിയായ ജോർജ് ജോസഫ്, പാർട്ടി സംസ്ഥാന, ജില്ലാ, ഏരിയാ നേതാക്കളോട് തന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫോണിലൂടെയും ചിലരോട് നേരിട്ടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ വിഷയം ചർച്ചചെയ്തിരുന്നു.
യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് ചെയ്തു. സംസ്ഥാനനേതൃത്വമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.
ആറന്മുളയിലെ സിറ്റിംഗ് എംഎൽഎയായ വീണാ ജോർജിനെ അവിടെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. സ്ഥാനാർഥിയായി വീണയുടെ പേര് മാത്രമാണ് ജില്ലാകമ്മിറ്റി, സംസ്ഥാനകമ്മിറ്റിക്ക് ശിപാർശചെയ്തത്. ഈ സാഹചര്യത്തിലാണ് ജോർജ് ജോസഫ് ഇത്തരമൊരു ആവശ്യവുമായി സിപിഎം നേതൃത്വത്തെ സമീപിച്ചത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ഇനി സീറ്റ് നല്‍കേണ്ടതില്ലെന്ന ആവശ്യവുമായി ഭര്‍ത്താവ് ഡോ.ജോര്‍ജ് ജോസഫ് സിപിഎം നേതാക്കളെ സമീപിച്ച വിവരം പുറത്തുവന്നതോടെ ഇടത്, വലത് ക്യാമ്പുകളില്‍ ആകാംക്ഷ.
2016ല്‍ വീണാ ജോര്‍ജിന് സീറ്റ് ആവശ്യപ്പെട്ടു രംഗത്തുവന്ന ജോര്‍ജ് ജോസഫ് തന്നെ ഇത്തവണ ഭാര്യയെ മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യവുമായി കഴിഞ്ഞദിവസം സിപിഎം നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. കുടുംബാംഗങ്ങളില്‍ മറ്റു ചിലരും വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.
ഇക്കാര്യം ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആദ്യം ചര്‍ച്ചയ്ക്കു വന്നത്. യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര കമ്മിറ്റിയംഗം വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. വീണാ ജോര്‍ജ് സംസ്ഥാന സമിതിയംഗം കൂടിയായതിനാല്‍ വിഷയം ആദ്യം അവിടെ ചര്‍ച്ച ചെയ്യട്ടേയെന്നതായിരുന്നു തോമസ് ഐസക്കിന്റെ നിലപാട്.
മാധ്യമ പ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജിനെ 2016ല്‍ ആറന്മുളയില് മത്സരരംഗത്തിറക്കിയത് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അന്ന് ഓര്‍ത്തഡോക്സ് സഭ സെക്രട്ടറിയായിരുന്ന ഡോ. ജോര്‍ജ് ജോസഫ് ആ വഴിക്കും ചില കരുനീക്കങ്ങള്‍ നടത്തി. ആറന്മുള സീറ്റ് മോഹിച്ചിരുന്ന സിപിഎം നേതാക്കളെ ഞെട്ടിച്ച് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണാ ജോര്‍ജ് രംഗപ്രവേശം ചെയ്തു.
2016ല്‍ ആറന്മുളയില് വിജയിച്ചതോടെ രാഷ്ട്രീയത്തില്‍ വീണയുടെ ഉയര്‍ച്ച വളരെവേഗം ആയിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ല്‍ വീണ്ടും ആറന്മുളയില് സ്ഥാനാര്‍ഥിയായി. വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം ഊഴത്തിലും നിയമസഭാംഗമായി. പിണറായി വിജയന്റെ രണ്ടാം സര്‍ക്കാരില്‍ ആരോഗ്യവകുപ്പിന്റെ മന്ത്രിയുമായി.
രണ്ട് ടേം പൂര്‍ത്തീകരിച്ചവര്‍ക്ക് ഇനി സീറ്റില്ലെന്ന സിപിഎമ്മിന്റെ മുന്‍കാല തീരുമാനങ്ങളെയെല്ലാം മാറ്റിനിര്‍ത്തി ഇത്തവണ ആദ്യം തന്നെ വീണാ ജോര്‍ജ് എന്ന ഒറ്റപ്പേരിലാണ് ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്രയും കാലം മുന്നോട്ടു പോയത്. മറിച്ചൊരു ആലോചന ഇതേവരെ പാര്‍ട്ടിതലത്തില്‍ ഉണ്ടായിട്ടില്ല. ഇനി അങ്ങനെയൊരു സാഹചര്യം വന്നാല്‍ സീറ്റ് മോഹികളായി ഒട്ടേറെപ്പേരുണ്ടാകും. എന്നാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതില്‍ വീണാ ജോര്‍ജ് അന്തിമ തീരുമാനം എടുക്കണം.
കണ്ണൂരില്‍ കഴിഞ്ഞയാഴ്ചയുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന മന്ത്രി ഇന്ന് പൊതുപരിപാടികള്‍ക്കായി രംഗത്തിറങ്ങും. ആറന്മുള മണ്ഡലത്തില്‍ തിങ്കളാഴ്ച തുടക്കമിട്ട ആരോഗ്യം ആനന്ദം പരിപാടി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായാണ് ഇട്ടിരുന്നത്. മണ്ഡലത്തിലെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ മെഡിക്കല്‍ ക്യാമ്പുകളുമാണ് പത്തനംതിട്ടയിലെ ഒരാഴ്ചത്തെ ആരോഗ്യം ആനന്ദം പരിപാടിയിലുള്ളത്.
വീണാ ജോര്‍ജ് ഒഴിയുകയാണെങ്കില്‍ ആ സ്ഥാനത്തേക്ക് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാമിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ പത്തനംതിട്ട നഗരസഭ മുന്‍ ചെയര്മാന് ടി. സക്കീര്‍ ഹുസൈന്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് എന്നിവരുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നുവരാം.
എന്തായാലും വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്നാണ് സൂചന. വിജയസാധ്യത പരിഗണിച്ചാണ് വീണയെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശമുണ്ടായത്. പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദം ഏറിയാല്‍ ജോര്‍ജ് ജോസഫ് നിലപാടില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്.
യുഡിഎഫും കാത് കൂര്‍പ്പിക്കുന്നു
വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തീരുമാനം യുഡിഎഫിനും നിര്‍ണായകമാണ്. നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് അനുയോജ്യനായ ഒരാളെ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടില്ല. നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും വിജയസാധ്യത പരിശോധിച്ചപ്പോള്‍ പലരും പിന്നിലായി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരും പുറമേ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് തവണ എംഎല്‍എ ആയിരുന്ന വീണയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തി ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറികടക്കാന്‍ കഴിയുന്ന ഒരാളെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചിച്ചത്. സാമുദായിക പരിഗണനകള്‍ അടക്കം പരിഗണനാ വിഷയമായി. മുന്‍കാല അനുഭവങ്ങള്‍ കൂടി പരിഗണിച്ചപ്പോള്‍ പറ്റിയ ഒരു സ്ഥാനാര്‍ഥിയെ ഏകകണ്ഠമായി നിര്‍ദേശിക്കാന്‍ ഡിസിസിക്കു കഴിഞ്ഞിട്ടില്ല.
സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഗൗരവത്തോടെയാണ് കാണുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടേതടക്കം പേരുകള്‍ പരിഗണിച്ചെങ്കിലും പൂര്‍ണമായി അംഗീകരിക്കാനായിട്ടില്ല. ഇതിനിടെ കേരള കോണ്‍ഗ്രസുമായി സീറ്റ് വച്ചുമാറുന്നതു പോലും പരിഗണിക്കപ്പെട്ടു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് ഇതിനു പിന്നിലെ താത്പര്യം.
Kerala
കണ്ണൂർ: വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കണ്ണൂര്‍ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കെഎസ്യു നേതാക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോഷ്യസ്.
മന്ത്രി യഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പ് പറയണം. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് മന്ത്രി താഴരുത്.
സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത്. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർഥതയുമില്ലെന്നും അലോഷ്യസ് പറഞ്ഞു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ എഫ്ഐആറിലും മൊഴിയിലും ദൂരൂഹതയെന്നു ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിയെ ആക്രമിച്ചെന്ന കേസിൽ എഫ്ഐആർ ഇടുന്നത് 9.37 നാണ്. എന്നാൽ ഒന്‍പതിന് റെയിവേ പോലീസ് മന്ത്രിയുടെ ഗൺമാന്റെ മൊഴിയെടുത്തു. ഇതിൽനിന്ന് തന്നെ പൊരുത്തക്കേട് മനസിലാക്കാം.
വൈകുന്നേരം ഡിജിപിയുടെ പ്രഖ്യാപനം കെഎസ്യു പ്രവർത്തകർക്കെതിരേ വധശ്രമത്തിനു കേസ് എടുത്തുവെന്നാണ്. ഡിജിപി എന്തു കണ്ടിട്ടാണു വധശ്രമത്തിന് കേസ് എടുത്തത്. ആരാണ് അദ്ദേഹത്തിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തതെന്നും മാർട്ടിൻ ജോർജ് ചോദിച്ചു.
കുട്ടികളുടെ കൈയിൽ മാരകായുധങ്ങളുണ്ടായിരുന്നെന്ന് എഫ്ഐആറിൽ പറയുന്നു. എം.വി. ജയരാജൻ കാണിച്ച മാരകായുധം ഗൺമാന്റെ കോട്ടാണ്. മന്ത്രി ഇപ്പോൾ സുഖകരമായി റെസ്റ്റെടുക്കുകയാണ്. ആരും കാണാതെ പുലർച്ചെ എന്തിനാണ് മന്ത്രി ഒളിച്ചോടിയത്. സംഭവത്തിൽ ആദ്യംതന്നെ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംസീർ എത്തുകയും മുഖ്യമന്ത്രിയെ വിവരമറിയിക്കുകയും മുഖ്യമന്ത്രി ആശുപത്രിയിൽ അഡ്മിറ്റാകാൻ പറയുകയും ചെയ്യുന്ന തിരക്കഥയാണു നടന്നത്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചിട്ട് പോലും സമരമോ പ്രതിഷേധമോ നടത്തരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിച്ച നാട്ടിലാണ് പ്രകോപനത്തിന് ഓർഡർ ചെയ്യുന്ന മുഖ്യമന്ത്രിയുള്ളത്.
ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തുന്നത് സമരമല്ല സമരാഭാസമാണ്. ഈ വധശ്രമക്കേസ് സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. യാതൊരു തെളിവുമില്ലാതെ വധശ്രമത്തിന് കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരേയും തെറ്റായി മൊഴികൊടുത്ത ഗൺമാനെതിരേയും ഹൈക്കോടതിയിൽ കേസ് കൊടുക്കും.
സിപിഎമ്മിന്റെ ആവശ്യം ഇവിടെ കലുഷിതമാക്കണം, അക്രമം നടത്തണം അതിലൂടെ ജനശ്രദ്ധ നേടണമെന്നുമാണ്. നാലു കുട്ടികൾ വന്ന് മന്ത്രിക്ക് പരിക്കേൽപിച്ചിട്ടുണ്ടെങ്കിൽ ആഭ്യന്തരമന്ത്രിക്ക് ആ സീറ്റിലിരിക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലു കുട്ടികളെ പിടിച്ചുമാറ്റാൻ പറ്റാത്ത പോലീസുകാരെ ഈ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും മാർട്ടിൻ ജോർജ് കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.
വധശ്രമമടക്കം ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നൽകിയ ജാമ്യാപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
കേസിൽ റെയിൽവേ പോലീസിന് ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യുക്കാർ ആക്രമിച്ചെന്നാരോപിച്ച മന്ത്രി വീണാ ജോർജിന് മികച്ച അഭിനയമന്ത്രിക്കുള്ള പുരസ്കാരം പ്രഖ്യാപിച്ച് കെഎസ്യുവിന്റെ വേറിട്ട പ്രതിഷേധം.
അഭിനയത്തിനുള്ള പുരസ്കാരമായി ട്രോഫിയും സോഫ്റ്റ് സെർവിക്കൽ കോളറുമാണു സമ്മാനം.
സമ്മാനം മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നു പാഴ്സലായി അയച്ചുകൊടുത്തു.
മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം ഹാജരാക്കിയാൽ ഒരു പവൻ സമ്മാനം നൽകുമെന്നു പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സിപിഎമ്മിനെ വെല്ലുവളിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കെഎസ്യു മന്ത്രിക്ക് അഭിനയ അവാർഡ് സമ്മാനിച്ചത്.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മാർച്ച് രണ്ട് വരയുള്ള പൊതുപരിപാടികൾ റദ്ദാക്കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മന്ത്രി മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് ഇന്ന് പുലർച്ചെയാണ് മടങ്ങിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടർ ചികിത്സ നിർദ്ദേശിച്ചാണ് മന്ത്രിക്ക് ഡിസ്ചാർജ് നൽകിയത്. എന്നാൽ മന്ത്രി ഇന്ന് തിരുവനന്തപുരത്തേക്ക് പോയില്ല.
മന്ത്രിക്ക് നാല് ദിവസത്തെ പൂർണ വിശ്രമമാണ് നിർദ്ദേശിച്ചതെന്നും ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ തുടരുന്നുണ്ടെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മന്ത്രിയോട് പരിയാരത്ത് ചികിത്സയിൽ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. എന്നാൽ രാത്രിയോടെ ഡിസ്ചാർജ് വേണമെന്ന് മന്ത്രി തന്നെ ആവശ്യപ്പെട്ടപ്രകാരം മെഡിക്കൽ ബോർഡ് ഓൺലൈനായി ചേർന്ന് അനുവദിക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ നാലോടെ മന്ത്രി പരിയാരത്ത് നിന്നും മടങ്ങി.
Kerala
അടൂർ: ആരോഗ്യമന്ത്രി വീണാ ജോർജ് ജനങ്ങളുടെ മുന്നിൽ പരിഹാസ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മന്ത്രിയുടെ പേര് കേൾക്കുമ്പോൾ ആളുകൾ ചിരിക്കുകയാണിപ്പോൾ. വീണാ ജോർജ് പത്തനംതിട്ട ജില്ലക്ക് തന്നെ അപമാനമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പുതുയുഗ യാത്രയുടെ ഭാഗമായി അടൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വീണാ ജോർജിനെ ആക്രമിച്ചു എന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. കേരളം മുഴുവൻ സിപിഎം അക്രമം നടത്തുന്നു. കെഎസ്യു നേതാവിന്റെ വീടിനും ബോംബെറിഞ്ഞു. വ്യാപക അക്രമം നടത്തുന്നു. വ്യാജ പ്രചാരണത്തിനും അക്രമത്തിനും ജനം തിരിച്ചടി നൽകും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. അക്രമം ശക്തമായി പ്രതിരോധിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
കെഎസ്യു നേതാക്കളുടെ പേരിലുള്ള കള്ളക്കേസ് പിൻവലിക്കണം. കള്ളമാണെന്ന് കേരളത്തിനു മുഴുവൻ ബോധ്യമായി. പച്ചക്കള്ളമാണ് മന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത്. പുതുയുഗ യാത്രയുടെ പ്രചാരണ സാമഗ്രികൾ ജില്ലയിലും മറ്റ് ജില്ലകളിലും വ്യാപകമായി നശിപ്പിച്ചു. മന്ത്രിയുടെ പെടലി പിടിച്ചു തിരിച്ചു എന്നാണ് പ്രചരണം. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സതീശൻ പറഞ്ഞു.
ഒരു മന്ത്രി നുണ പറഞ്ഞ് കേരളത്തിൽ മൊത്തം അക്രമം നടത്തുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായാണ്. ആരോഗ്യ രംഗം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കള്ളക്കഥ പ്രചരിപ്പിച്ചും അക്രമം നടത്തിയും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രി തീക്കൊള്ളി കൊണ്ട് തല ചെറിയരുത് എന്നാണ് പറയാനുള്ളത്.
മന്ത്രിക്ക് നേരെ വിദ്യാർഥി സംഘടനകൾ കരിങ്കൊടി കാണിച്ച ഒന്നാമത്തെ പ്ലാറ്റ് ഫോമിൽ ഇല്ലാതിരുന്ന കുഴപ്പം മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ അഭിനയമായി മാറി. ബുദ്ധി ജീവിയായ യുവജന നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യം അവരുടെ സംസ്കാരം വ്യക്തമാക്കുന്നതാണ്. തന്തക്ക് വിളിക്കുന്നതാണോ പുരോഗമന ആശയം എന്നും വി.ഡി. സതീശൻ ചോദിച്ചു.
പുതുയുഗ യാത്ര തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് അക്രമങ്ങൾ സംഘടിപ്പിക്കുന്നത്. എന്നാൽ അതോടെ പുതുയുഗ യാത്രയിൽ പ്രവർത്തകർ കൂടുതൽ സജീവമാകുകയായിരുന്നു. അതിന് മന്ത്രിയോടും ഡിവൈഎഫ്ഐയോടും നന്ദി പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Movies
രാഷ്ട്രീയ നേതാക്കളെക്കുറിച്ചും അവർ ആളുകൾക്ക് വിശ്വസനീയരായിരിക്കണ്ടേതിനെക്കുറിച്ചും സംവിധായകൻ വിനയൻ. അവർ പറയുന്ന വാക്കുകൾ സത്യസന്ധമായിരിക്കണമെന്നും അല്ലെങ്കിൽ ഈ ഡിജിറ്റൽ യുഗത്തിൽ അത് സെൽഫ് ഗോളായി മാറുമെന്നും അദ്ദേഹം കുറിച്ചു.
'നമ്മുടെ രാഷ്ട്രീയനേതാക്കൾ ജനതയ്ക്കു വിശ്വസനീയരായിരിക്കണം. അവർ പറയുന്ന വാക്കുകൾ സത്യസന്ധമാകണം. അത് വസ്തുതയ്ക്കുനിരക്കുന്നതാകണം. ഉഡായിപ്പു ഡയലോഗുകൾ പറഞ്ഞ് ഗോളടിക്കാമെന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് സെൽഫ് ഗോൾ ആകുമെന്നോർക്കുക. അതും ഈ ഡിജിറ്റൽ യുഗത്തിൽ'. വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ആരോഗ്യമന്ത്രി വീണാ ജോർജിനെ പരോക്ഷമായി വിമർശിച്ചാണ് ഈ കുറിപ്പുകൾ എന്നാണ് സൂചന.
നേരത്തെ ജോയ് മാത്യുവും അഖിൽ മാരാറും ഈ വിഷയത്തിൽ മന്ത്രിക്കെതിരെ ഒളിയമ്പുമായി എത്തിയിരുന്നു.
വീണാ ജോർജിന്റെ പേരോ കണ്ണൂരിലെ സംഭവമോ ഒരിടത്തും ജോയ് മാത്യു പരാമർശിച്ചിട്ടില്ലെങ്കിലും അപ്രതീക്ഷിത വേദികളിലെ അഭിനയം, നാടകം വളരട്ടെ തുടങ്ങിയ പ്രയോഗങ്ങൾ കുറിപ്പിൽ താരം പങ്കുവച്ചിരുന്നു.
Kerala
കണ്ണൂർ: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന മന്ത്രി വീണാ ജോർജിനൊപ്പം ഫോട്ടോ എടുത്തതിൽ വിശദീകരണവുമായി നഴ്സ് പി.സി. സ്മിത.
കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കിൽ കുറിച്ചു.
മന്ത്രിക്ക് എംആർഐ സ്കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയിൽ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങൾക്ക് മനസിലായെന്നും സ്മിത പറയുന്നു.
രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങൾ നിർബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്സുമാരായ തങ്ങൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്.
മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്കണക്ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പിൽ പറയുന്നു.
മന്ത്രിക്കൊപ്പം ഐസിയുവിൽവെച്ച് നഴ്സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയിൽ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബേറ്. കെഎസ്യു നേതാവ് ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ 2.30ഓടെയാണ് ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീണാ ജോർജ് ആശുപത്രി വിട്ടു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ആശുപത്രി വിട്ടത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം.
മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടർമാർ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റോഡു മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് ആശുപത്രി വിട്ടത്.
മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനം. മന്ത്രിയുടെ പരിക്ക് ഗുരുതരമാണെന്നും കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു.
രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വരുന്നതായും ഡോക്ടർമാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. റോഡു മാർഗം തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേൽക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ആറന്മുളയില് വീണാ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും തന്നെ വീണ്ടും മത്സരിക്കട്ടേയെന്ന നിര്‍ദേശവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ്.
മറ്റു പേരുകളൊന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നില്ല. വീണാ ജോര്‍ജ് രണ്ട് ടേം പൂർത്തീകരിച്ചതിനാല്‍ വീണ്ടും മത്സരിപ്പിക്കണമോയെന്ന സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടേയെന്ന നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റിന്റേത്.
Kerala
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിനു ക്ഷതമുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിംഗ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.
കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരേ കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്കു മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ചാണു പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രി തിരിഞ്ഞുനിന്നു യൂത്ത് കോൺഗ്രസുകാരോടു രൂക്ഷമായി പ്രതികരിച്ചപ്പോൾ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിനു പരിക്കെന്നു വ്യക്തമാക്കിയ മന്ത്രി അല്പസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പി ക്കുകയായിരുന്നു.
Kerala
കൊല്ലം: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയതിന് സിപിഎം വനിത നേതാവ് ചിന്ത ജെറോമിനെതിരെ കേസെടുത്തു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധ ജാഥ നടത്തിയെന്നാണ് എഫ്ഐആർ.
ചിന്ത അടക്കം 55 പേർക്കെതിരെയാണ് ഇരവിപുരം പോലീസ് കേസെടുത്തത്. ചിന്തയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം.
ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു സ്ത്രീ വിരുദ്ധമായ മുദ്രാവാക്യം ചിന്ത ഏറ്റുവിളിച്ചത്. വ്യാപക വിമര്‍ശനങ്ങൾ ഉയര്‍ന്നതിന് പിന്നാലെ ചിന്ത ജെറോം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
Kerala
കല്‍പ്പറ്റ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന സിപിഎം പ്രചാരണം ഇപ്പോള്‍ സജീവ ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓഷിന്‍ ഹോട്ടല്‍ വളപ്പില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്യുക്കാര് മന്ത്രിയെ ആക്രമിക്കുന്നത് മഷിയിട്ടുനോക്കിയിട്ടും കാണാന്‍ കഴിയുന്നില്ല. കരിങ്കൊടി പ്രതിഷേധം നടത്തിയവര്‍ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ല. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയാണ് പ്രകോപിതയായി പെരുമാറിയത്. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇല്ലാത്ത സംഭവത്തിന്റെ പേരിലാണ് സിപിഎം ഉണ്ടാക്കുന്ന ബഹളങ്ങള്‍. ആരോഗ്യമേഖലയില്‍ വന്‍കിട മെഡിക്കല്‍ കമ്പനികള്‍ പിടിമുറുക്കുന്നതടക്കം വിഷയങ്ങള്‍ കേരളം ചര്‍ച്ച ചെയ്തുവരികയാണ്.
പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച മുഴുവന്‍ വീടുകളുടെയും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ 105 വീടുകളാണ് മുസ്ലിംലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ പ്രവൃത്തി പൂര്‍ത്തിയായ 51 വീടുകളുടെ കൈമാറ്റം 28ന് നടത്തും. 54 വീടുകളുടെ നിര്‍മാണം മേയ് അവസാനത്തോടെ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കും.
മൂന്ന് കിടപ്പുമുറിയടക്കം സൗകര്യങ്ങളോടെയാണ് ഓരോ വീടും നിര്‍മിക്കുന്നത്. എല്ലാ കുടുംബങ്ങള്‍ക്കും ഫര്‍ണിച്ചര്‍ നല്‍കും. മുസ്ലിംലീഗ് ഭവന പദ്ധതിക്ക് സര്‍ക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ ഏറ്റെടുത്ത ഭൂമിയില്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പ് ജനങ്ങളുടെ പദ്ധതിയാണ്.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി നേതാക്കളായ പി.കെ. ബഷീര്‍ എംഎല്‍എ, ടി. മുഹമ്മദ്, റസാഖ് കല്‍പ്പറ്റ, അബ്ദുള്ള മാടക്കര, പി.പി. അയൂബ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Kerala
കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവച്ച് കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്.
Movies
ആരോഗ്യമന്ത്രി വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യുവും അഖിൽ മാരാറും.
വീണാ ജോർജിന്റെ പേരോ കണ്ണൂരിലെ സംഭവമോ ഒരിടത്തും ജോയ് മാത്യു പരാമർശിച്ചിട്ടില്ലെങ്കിലും അപ്രതീക്ഷിത വേദികളിലെ അഭിനയം, നാടകം വളരട്ടെ തുടങ്ങിയ പ്രയോഗങ്ങൾ മന്ത്രിക്കെതിരെയുള്ള ഒളിയമ്പാണെന്നാണ് സൂചന.
‘‘എഐ വന്നതോടെ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. എങ്കിലും മികച്ച അഭിനേതാക്കളുടെ കടന്ന് വരവ് സിനിമയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. അപ്രതീക്ഷിതമായ വേദികളിലൂടെ മികച്ച അഭിനേതാക്കൾ പെട്ടെന്ന് കടന്നുവരുന്നത് നിലവിലുള്ളവർക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. എങ്കിലും പ്രതിഭകളെ അംഗീകരിക്കേണ്ടതാണ്.
മാറാത്തത് ഒന്നുമാത്രം കാമറ എടുത്ത ദൃശ്യങ്ങൾ എന്ന് മാർക്സ്. എന്നും മികച്ച അഭിനേതാക്കൾക്കൊപ്പം. നാടകം വളരട്ടെ!’’ ജോയ് മാത്യുവിന്റെ വാക്കുകൾ.
അഖിൽ മാരാരും വീണ ജോർജിനെ വിമർശിച്ചെത്തി. നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് വീണ ജോർജെന്ന് അഖിൽ പറയുന്നു.
‘ആരോഗ്യ മന്ത്രി വീണ ജോർജ് കേരളം നാളിതുവരെ കണ്ട മന്ത്രിമാരിൽ മോശം എന്നല്ല ഒരു മഹാ ദുരന്തമാണ് എന്ന കാര്യത്തിൽ ഇടത് പക്ഷത്തിനു പോലും എതിരാഭിപ്രായമുണ്ടാവില്ല...ആശുപത്രിയിൽ ഡോക്ടർക്ക് സംഭവിച്ച പിഴവ് നേരിട്ട് മന്ത്രിയെ ബാധിക്കില്ല എങ്കിലും അതിന്റെ ധാർമികത മനസിലാക്കി പൊതു സമൂഹത്തോട് ക്ഷമ പറയാൻ എങ്കിലും വിവരം ലവ ലേശം ഇല്ലാത്ത നടി (മന്ത്രി) മനസിലാക്കണമായിരുന്നു...
അതിന് പകരം പ്രതിഷേധിച്ച യുവ ജനങ്ങളോടും മാധ്യമങ്ങളോടും ആക്രോശിക്കാനും കൊമ്പ് കോർക്കാനും ആണ് ഇവർ ശ്രമിച്ചത്..ഫലമോ ചെയ്യാത്ത തെറ്റിന്റെ പേരിൽ കുറെ കെഎസ്യു ഭാരവാഹികളെ റിമാൻഡ് ചെയ്തു... അതിന്റെ പേരിൽ നാട്ടിൽ കോൺഗ്രസ് ഓഫിസുകൾ തല്ലി തകർക്കുന്നു..തിരിച്ചടികൾ നടക്കുന്നു..ഒരേ സമയം ഭാവിയിൽ നാട് നയിക്കേണ്ട ഇരു ഭാഗത്തേയും കുട്ടികൾ തമ്മിൽ തല്ലി ചാവുന്നു..കുറെയെണ്ണം ജയിലിൽ പോകുന്നു.. ഇവരെ തമ്മിൽ തല്ലിച്ച നേതാക്കന്മാർ ഈ വിഷയം പരമാവധി ആളി കത്തിച്ചു മുന്നോട്ട് കൊണ്ട് പോകാൻ നോക്കുന്നു...
ഈശ്വരാ ആരെങ്കിലും ആരെയെങ്കിലും ഒന്ന് കൊന്ന് കളഞ്ഞിരുന്നെങ്കിൽ എന്നായിരിക്കും ഇരു വിഭാഗത്തെയും നേതാക്കൾ സ്വപ്നം കാണുന്നത്.. ഇപ്പോൾ ഒരു രക്ത സാക്ഷിയെ ആർക്ക് കിട്ടിയാലും ലോട്ടറി അല്ലേ... ഈ നാട് ഈ വിധം നശിപ്പിച്ചത് ഇവരാണ്.. ദയവ് ചെയ്തു ഇക്കൂട്ടർക്ക് ഒറ്റ വോട്ട് പോലും കൊടുക്കരുത്.
ഇതേ വിഷയത്തെ നിയമപരമായി കൈകാര്യം ചെയ്തു മന്ത്രിയുടെ തെറ്റുകൾ പൊതു ജനത്തിന് മുന്നിൽ ചൂണ്ടി കാണിച്ചു അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ പോരായിരുന്നോ എന്നൊരു ചോദ്യം നമ്മൾ ചോദിച്ചാൽ...അമ്മയാണെ സത്യം സിനിമയിൽ ഭിത്തിയിൽ തുപ്പി വെച്ച കരമന പറയുന്ന സന്തോഷത്തോടെ ഇവർ പറയും...
അതിൽ ഒരു ത്രില്ലില്ല..നാട് കുട്ടിചോറാക്കണം.. പാർട്ടിയുടെ അടിമകൾ തമ്മിൽ തല്ലി ചാവണം...ഞങ്ങൾ ഇങ്ങനെയാണ് ഭായ്... ഇവിടെ ഇങ്ങനെയാണു ഭായ്.’’ അഖിൽ മാരാർ കുറിച്ചു.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചുവെന്ന വാദം പൊളിയുന്നു. കരിനീല വസ്ത്രം ധരിച്ച് മന്ത്രിയുടെ സമീപം നിന്നത് ഗൺമാൻ എം.എസ്. അഭിലാഷ് ആണെന്ന് വീഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞു.
ഇതോടെ, പ്രതിഷേധത്തിനിടെ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തിന് മുറുക്കിയെന്ന സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വാദം പൊളിഞ്ഞു.
മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചു എന്നായിരുന്നു എഫ്ഐആറിലെ ആരോപണം. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാര്‍ കറുത്ത തുണികൊണ്ട് മന്ത്രിയുടെ കഴുത്തില്‍ മുറുക്കിയെന്ന് എം.വി. ജയരാജന് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, മന്ത്രിയുടെ തൊട്ടുപിന്നാലെ കരിനീല സഫാരി സ്യൂട്ട് ധരിച്ച ഒരാള്‍ ഓടുന്നത് കാണാം. ഇത് മന്ത്രിയെ സംരക്ഷിക്കാന്‍ ഓടിയെത്തുന്ന ഗണ്മാന് അഭിലാഷാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഇടത് സൈബര്‍ വിംഗുകള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദിച്ചുവെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഗണ്മാന് മന്ത്രിയെ സുരക്ഷിതയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
മാത്രമല്ല, പ്രതിഷേധക്കാര്‍ മന്ത്രിക്ക് അരികിലേക്ക് ഓടിയെത്തിയെങ്കിലും ദൃശ്യങ്ങളില്‍ എവിടെയും മന്ത്രിയെ നേരിട്ട് മര്‍ദിക്കുന്നതോ കഴുത്തിന് പിടിക്കുന്നതോ കാണാന്‍ സാധിക്കുന്നില്ല.
വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോ ദൃശ്യം വ്യക്തമായില്ലെന്ന് റെയില്‍വേ സുരക്ഷാസേനയും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയത്.
മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എന്നാൽ, മന്ത്രിയുടെ കഴുത്തും കൈയും കെഎസ്യു പ്രവർത്തകർ പിടിച്ചുതിരിച്ചു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി പ്രവർത്തകരെ അക്രമത്തിന് പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു.
കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ കൈയിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുമ്പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഭവത്തിന് ദൃക്സാക്ഷിയല്ലാത്ത സ്പീക്കർ ഇത്തരമൊരു ഗൂഢാലോചനയിൽ പങ്കാളിയാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ഇതിനിടെ, മന്ത്രിയെ ആക്രമിക്കുന്നതിന്റെ തെളിവ് നൽകിയാൽ ഒരു പവൻ സ്വർണം നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത്കോൺഗ്രസും രംഗത്തെത്തി.
അതേസമയം, കേസിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അഞ്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ റിമാൻഡിലാണ്.
Kerala
കണ്ണൂർ: മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ ഒരു പവൻ സ്വർണം സമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി.
മന്ത്രി വീണ ജോർജിനെ കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു എന്നു പറയുന്ന വിഡിയോ തെളിവ് ഹാജരാക്കിയാൽ നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം എന്നാണ് പോസ്റ്ററിൽ പറയുന്നത്.
ഇതുവരെ പുറത്തു വന്ന ദൃശ്യങ്ങളിൽ വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ല. സംഭവം റെയിൽവേ പ്ലാറ്റ്ഫോമിൽ നടന്നതിനാൽ റെയിൽവേ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
റെയിൽവേ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആക്രമിക്കുന്നതായി കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. മറ്റു വീഡിയോ ദൃശ്യങ്ങളിലും ആക്രമിക്കുന്നതായി കണ്ടെത്തിയില്ല.
അതേസമയം, മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയിൽ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നു. എന്നാൽ ഇത് കരിനീല വസ്ത്രം ധരിച്ച മന്ത്രിയുടെ ഗൺമാൻ ആണെന്ന് പിന്നീട് തെളിഞ്ഞു.
Kerala
കാസർഗോഡ്: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിൽ തട്ടിയത് കുട്ടിച്ചാത്തനായിരിക്കുമെന്ന് പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
കെഎസ്യു കുട്ടികൾ മന്ത്രിയെ തൊട്ടിട്ടില്ല. മന്ത്രിയെ ഉടൻ അമേരിക്കയിലേക്ക് മാറ്റണമെന്നും പരിയാരത്ത് ഓപ്പറേഷൻ ചെയ്താൽ കത്രിക കുടുങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതാണ്, ആരോഗ്യം പ്രധാനപ്പെട്ടതാണ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ പരിസരത്ത് പോലും പോയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്.
പ്രവര്‍ത്തകര്‍ക്ക് നേരേ കയര്‍ത്തുകയറി അവരെ അടിക്കാന്‍ ശ്രമിച്ചത് മന്ത്രിയാണ്. പോലീസാണ് മന്ത്രിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചത്. മന്ത്രിയെ പ്രതിഷേധക്കാര്‍ മര്‍ദിക്കുന്ന ഒരു ദൃശ്യവുമില്ല. ഒന്നാം പ്ലാറ്റ്ഫോമിലായിരുന്നു പ്രതിഷേധം. അവിടെ നിന്നു മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് മന്ത്രി വരുന്നതുവരെ ഒരു കുഴപ്പവുമില്ല. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ കണ്ട ശേഷമാണ് മന്ത്രിയുടെ കഴുത്ത് ഉളുക്കിയത്.
മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ആക്രമിച്ചുവെന്ന കഥ മന്ത്രി പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്-സ്പീക്കര്‍ ഷംസീര്‍ തിരക്കഥയാണ് ഇതിനു പിന്നിലുള്ളതെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണൂരില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം.
കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും പുതുയുഗയാത്രയുടെ ഫ്ളക്സുബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള ആക്രമണങ്ങളെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പല സ്ഥലങ്ങളിലും പ്രതിരോധിക്കുന്നത് സംഘര്ഷങ്ങള്ക്കിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ ഉള്‍പ്പെടെ ആക്രമണം നടന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയ്ക്കുനേരെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ ഡിസിസി ഓഫീസുകള്‍ക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസ് ഓഫീസിന് തീവച്ചു
ന്യൂമാഹി: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തീവച്ചു.
ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ഓടിട്ട ഓഫീസ് മേൽക്കൂരയുടെ കഴുക്കോലുകൾ കത്തി നശിച്ചു. തുടർന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ കോൺഗ്രസ് പ്രവർത്തകർ കല്ലിൽത്താഴ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കെപിസിസി അംഗം രാധാകൃഷ്ണൻ, ഡിസിസി സെക്രട്ടറി വി.സി. പ്രസാദ് എന്നിവർ ആക്രമികൾക്കെതിരേ പോലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം
മാലൂർ: മാലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ അക്രമം. മാലൂർ പട്ടാരിയിലെ കോൺഗ്രസ് ഓഫീസായ രാജീവ് ഭവന് നേരെയാണ് അക്രമമുണ്ടായത്.
ഓഫീസിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചുമർ ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. അഞ്ച് ജനൽ ചില്ലുകളാണ് തകർത്തത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. നേതാക്കൾ മാലൂർ പോലീസിൽ പരാതി നൽകി.
Kerala
ആലപ്പുഴ: കണ്ണൂര്‍ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിനു പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ട്. വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിലില്ല. ഇതിനെതിരെ ജനകീയ പ്രതിരോധമൊരുക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ചു. ഇതേ വിഭാഗമാണ് ബുധനാഴ്ചയും മന്ത്രിയെ ആക്രമിച്ചത്. ബോധപൂർവമായ കടന്നാക്രമണം നടത്താനാണ് ശ്രമം. വി.ഡി. സതീശന്റെ നുണയാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവൻ കണ്ടതാണ്. ഇത് കനഗോലു സിദ്ധാന്തമാണ്. അതിനെ ജനം തിരിച്ചറിയുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മന്ത്രിക്ക് അരികിലേക്ക് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അക്രമത്തിൽ നുണ പറഞ്ഞ് രക്ഷപെടാൻ ആണ് ഇപ്പോൾ ശ്രമം. സതീശനും അനുയായികളും നുണപറയാൻ ഒന്നാമതാണ്. അവർ പ്രതിഷേധം തുടരട്ടെ, ജനാധിപത്യ സമൂഹത്തിൽ അതിന് അവകാശം ഉണ്ടെന്നും എന്നാൽ, ഇത്തരം അക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ആരോഗ്യമേഖല ലോകോത്തരമാണ്. അത് തകർക്കാൻ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികൾക്ക് എതിരായ പ്രചരണം നടത്തുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും. നിലവിൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് മന്ത്രി.
കഴുത്തിലെ ക്ഷതം എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് തീരുമാനം. ബുധനാഴ്ച രാത്രി 10 ഓടെയാണ് വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
പരിക്കേറ്റതിന് പിന്നാലെ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് മന്ത്രി ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ട് മുതൽ അഞ്ച് മണിക്കൂറിലേറെ വീണാ ജോർജ് ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പിന്നാലെ കൂടുതൽ പരിശോധനകൾക്കും വിദഗ്ധ ചികിത്സയ്ക്കുമായാണ് മന്ത്രിയെ രാത്രിയോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കെഎസ്യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. ബുധനാഴ്ച രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവർത്തകരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. അതേസമയം എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു.
ആരോഗ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ആറ് യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്കർ കണ്ണാടിപറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്. ബുധനാഴ്ച രാത്രിയോടെ വീണ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്യു പ്രതിഷേധത്തിൽ പരിക്കേറ്റ സംഭവത്തിൽ സിപിഎം പ്രതിഷേധം ആർത്തിരമ്പി. സിപിഎം പ്രവർത്തകർ യുഡിഎഫിന്റെ ഫ്ളക്സ് ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു. കരുമാടിയിൽ കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ, കൊടികൾ എന്നിവയാണ് കരുമാടി, അമ്പലപ്പുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ തകർത്തത്.
വിവരമറിഞ്ഞ് കരുമാടിയിലെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. എ. ഹാമിദ് ഉൾപ്പെടെയുള്ള നേതാക്കളുമായി സിപിഎം പ്രവർത്തകർ ഉന്തും തള്ളും നടത്തി. പിന്നീട് നാല് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ അമ്പലപ്പുഴയിൽ സ്വീകരണം നൽകുന്നുണ്ട്. ഇവിടെയും സംഘർഷത്തിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന.
Kerala
കണ്ണൂർ: വീണാ ജോർജ് നല്ലൊരു ആരോഗ്യമന്ത്രി അല്ലെങ്കിലും നല്ലൊരു അഭിനേത്രി ആണെന്ന് തെളിയിച്ചുവെന്ന് കെ. സുധാകരൻ എംപി.
കേരളത്തിലെ ആരോഗ്യമന്ത്രിയെ ആക്രമിച്ചുവെന്ന തരത്തിൽ സിപിഎം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും സിപിഎമ്മിന്റെ രാഷ്ട്രീയനാടകവുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാണിക്കുന്ന ദൃശ്യങ്ങളിൽനിന്നെല്ലാം ആക്രമണവും പരിക്കേറ്റുവെന്ന അവകാശവാദങ്ങളും യഥാർഥ സംഭവവുമായി ബന്ധവുമില്ലെന്ന് വ്യക്തമാവുകയാണെന്നും എംപി പ്രസ്താവനയിൽ പറഞ്ഞു.
സംഭവസ്ഥലത്തുണ്ടായിരുന്ന കെഎസ്യു പ്രവർത്തകർ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ചിട്ടുണ്ട്. കുട്ടികൾ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും അവരിൽനിന്നൊരു അക്രമപ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ദൃക്സാക്ഷി മൊഴികളും ലഭ്യമായ വിവരങ്ങളും വ്യക്തമായി സൂചിപ്പിക്കുന്നു.
കേരളത്തിലെ മൊത്തം ദൃശ്യമാധ്യമങ്ങൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യം ഉണ്ടോ? സിപിഎമ്മിന്റെ കൈരളി ചാനൽ അടക്കമുള്ള ചാനലുകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നല്ലോ? ഈ ചാനലുകളിൽ ഒന്നിലും കെഎസ്യു വിദ്യാർഥികൾ മന്ത്രിയെ ആക്രമിക്കുന്ന ഒരു ദൃശ്യവും വന്നിട്ടില്ല.
അതിനുപകരം പ്രതിഷേധക്കാരോട് അങ്ങോട്ട് ആക്രോശിക്കുന്ന മന്ത്രിയുടെ ദൃശ്യമാണു ള്ളതെന്ന് കെ. സുധാകരൻ എംപി ചൂണ്ടിക്കാട്ടി.
Kerala
കോട്ടയം: മന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് കാഞ്ഞിരപ്പള്ളിയിൽ സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാർ കോൺഗ്രസ് കൊടിമരം തകർത്ത് കൊടി കത്തിച്ചു.
പേട്ടക്കവലയിൽ വൈകിട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഭവം. കൊടിമരം തകർത്ത പ്രതിഷേധക്കാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.
ഏകദേശം 50 ഓളം പ്രവർത്തകരാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത്. കെകെ റോഡിലൂടെ പ്രകടനമായി എത്തിയ ശേഷമായിരുന്നു അക്രമം. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
Kerala
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും എംഎംആര്‍ഐ സ്കാനിംഗ് നടത്തണമെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ.
ജില്ലാ ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ടീമാണ് മന്ത്രിയെ ആദ്യം പരിശോധിച്ചത്. കഴുത്തിനേറ്റ് ക്ഷതവുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് എംആർഐ സ്കാനിംഗ് നടത്തിയുള്ള വിദഗദ്ധ പരിശോധന ആവശ്യമാണെന്ന് നിർദേശിച്ചത്.
മന്ത്രിയെ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി ഇടത് സംഘടനകൾ. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോൺഗ്രസിന്റെ ഓഫീസുകൾ ലക്ഷ്യമിട്ടായിരുന്നു പലയിടത്തും സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു.
ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്യു പ്രവർത്തകര്‍ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി.
നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസിന്റെ രാപ്പകൽ സമര പന്തൽ തകർത്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വി.ഡി. സതീശന്റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു.
കൊല്ലം പുനലൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവയ്ക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരിക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപഭരിതമാക്കാൻ മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഈ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടു എന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ്. ഇതിന്റെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.
അക്രമം നോക്കിക്കൊണ്ട് നിൽക്കുന്ന പോലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കിക്കൊണ്ട് ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല. ഈ നാടകത്തെ മറയാക്കി കൊണ്ട് കണ്ണൂർ ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: കെഎസ്യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ മന്ത്രിയെ വിമർശിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ചു തകർത്തതെന്ന് അദ്ദേഹം വിമർശിച്ചു.
വ്യാജ വാർത്തകൾ കൊണ്ട് കെഎസ്യു പ്രവർത്തകരെ കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു പ്രവർത്തകർ കരിങ്കൊടിയുമായി ചെന്നു എന്നത് യാഥാർഥ്യമാണ്. നാലോ അഞ്ചോ പ്രതിഷേധക്കാരെത്തിയപ്പോൾ മന്ത്രിക്ക് സംരംക്ഷണം ഒരുക്കിയത് 25 ഓളം പോലീസുകാരാണ്. മന്ത്രിക്കരികിൽ പ്രതിഷേധക്കാരെത്താതിരിക്കാൻ പോലീസുകാർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോർജാണ്. കെഎസ്യു പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ വച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്. കെഎസ്യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെഎസ്യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കറ്റേ സംഭവത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെ ട്രോളി കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥ്.
"എന്നാലും ഞാൻ ആലോചിക്കുന്നത് സ്പീക്കർ എ.എൻ. ഷംസീർ എന്തൊരു മനുഷ്യനാണ് എന്നാണ്. റെയിൽവേ സ്റ്റേഷനിൽ തന്റെ കണ്മുന്നിൽവച്ച് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് ഐസിയുവിലേക്ക് പാഞ്ഞുപോയ ആരോഗ്യമന്ത്രിയെ ഒന്ന് മൈൻഡ് ചെയ്യാതെ അപ്പോൾ തന്നെ വന്ദേ ഭാരത്തിൽ തിരുവനന്തപുരത്തേക്ക് കയറി പോയ ആ മനസ്.' എന്ന് ശബരിനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയുടെ കഴുത്തിന് ഗുരുതര പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം.
Kerala
കണ്ണൂർ: കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് നേരെ കൈയേറ്റമുണ്ടായി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി. ആരോഗ്യമന്ത്രിക്ക് ഓസ്കാര്‍ കൊടുക്കണമെന്ന് ഫര്ഹാന് ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്യു പ്രവര്‍ത്തകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. തികച്ചും പോലീസിന്റെ വലയത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രി. ഒരു തരത്തിലുമുള്ള ദേഹ ഉപദ്രവമോ മറ്റോ ഉണ്ടായിരുന്നില്ല.
പക്ഷെ, മന്ത്രി ഒരു രക്തസാക്ഷി പരിവേഷം കിട്ടാന്‍ വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള അഭിനയവുമായി മുന്നോട്ട് പോകുന്നത്. ഇത് തികച്ചും ബാലിശമാണ്. കെഎസ്യു പ്രവര്‍ത്തകര്‍ തികച്ചും ജനാധിപത്യ രീതിയില്‍ മാത്രമേ സമരം ചെയ്തിട്ടുള്ളുവെന്നും ഫർഹാൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചുണ്ടായ കെഎസ്യു ആക്രമണം അങ്ങേയറ്റം അപലപനീയമാണന്ന് മന്ത്രി വി.എൻ. വാസവൻ.
ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ ആരോഗ്യരംഗത്തെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെയും തുടർച്ചയായി ആക്രമിക്കുക വഴി കേരളത്തിന്റെ ആരോഗ്യ മേഖലയെ ഇകഴ്ത്തിക്കെട്ടാമെന്ന കോൺഗ്രസിന്റെ ആഗ്രഹം വെറും വ്യാമോഹം മാത്രമാണ്.
സ്ത്രീയായ ഒരു പൊതുപ്രവർത്തകയ്ക്കു നേരെ ക്രിമിനലുകളെ അഴിച്ചുവിട്ട് പ്രതിപക്ഷ നേതാവിന്റെ ആശീർവാദത്തോടെ യുഡിഎഫ് നടത്തുന്ന ഈ സമരാഭാസം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒരു സ്ത്രീയെ പിൻതുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല.
കേരളത്തിന്റെ സ്ത്രീ സമൂഹവും ജനാധിപത്യ വിശ്വാസികളും കോൺഗ്രസിന്റെ ഈ ചെയ്തികൾക്ക് മാപ്പു നൽകില്ല. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾക്കിടയിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും വാസവൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചപ്പോള്‍ ഈ ധാര്‍മികതയൊന്നും കണ്ടില്ലല്ലോ എന്നും സിപിഎമ്മിന്റെ ഈ ധാര്‍മികത തെരഞ്ഞെടുപ്പ് മുന്നിക്കണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ് അദ്ദേത്തിന്റെ നെറ്റി മുറിഞ്ഞ് ചോര ഒലിക്കുന്ന സമയത്തൊന്നും ഈ ധാര്‍മികത കണ്ടില്ലല്ലോ. ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നു. മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ഈ ധാര്‍മികത ആര്‍ക്കും ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് ഇപ്പോള്‍ ധാര്‍മികത കൂടുന്നത്.
പ്രതിപക്ഷ നേതാവിന് ഇത്തരം കാര്യങ്ങള്‍ ചെയ്യാനും ചെയ്യിക്കാനുമുള്ള ജോലിയല്ല ഉള്ളത്. അദ്ദേഹം ഇന്ന് കേരളത്തിലുടനീളം ജനങ്ങളുടെ മനസ് കണ്ടറിഞ്ഞ്, ഭരണത്തിന്റെ ഭീകരതകള്‍ ജനങ്ങളെ അറിയിച്ചുകൊണ്ട് മുമ്പോട്ട് പോകുന്ന ഒരു അവസ്ഥയാണുള്ളത്. രാഷ്ട്രീയത്തിനതീതമായി, ജാതിമത ചിന്തകള്‍ക്കതീതമായി ഒരു വലിയ മുന്നേറ്റം കേരളത്തില്‍ ഉടനീളമുണ്ടാകുന്നു. അതാണ് സിപിഎമ്മിന്റെ നേതാക്കന്മാര് ഇതിനെതിരെ ശബ്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.
മന്ത്രിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി പറയാന്‍ ഇപ്പോള്‍ പറ്റുന്നില്ല. ഏതായാലും ഞങ്ങള്‍ കാര്യങ്ങള്‍ അന്വേഷിക്കട്ടെ – അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: ആരോഗ്യമന്ത്രിക്കു പരിക്കേറ്റ സംഭവത്തിൽ കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയെന്നും വാർത്താമാധ്യങ്ങളിൽ വന്ന ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്യുകാർ പ്രതിഷേധം നടത്തിയെന്നത് ശരിയാണ്. എന്നാൽ ആരോഗ്യമന്ത്രിയുടെ അടുത്ത് പോലും ഒരാളും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നോ നാലോ കെഎസ്യു പ്രവർത്തകരാണ് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. മൂപ്പതിലധികം പോലീസുകാരും ഉണ്ടായിരുന്നു. ആരോഗ്യമന്ത്രി ആക്രോശിച്ച് കെഎസ്യു പ്രവർത്തകരുടെ അടുത്തേയ്ക്ക് ചെല്ലുന്ന ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്ത്.
സംഭവത്തിൽ കെഎസ്യുവിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റ് ഉണ്ടായാൽ അവർക്കെതിരെ നടപടി സ്വീകരിക്കും. ഇതുവരെ കിട്ടിയിരിക്കുന്ന ദൃശ്യങ്ങൾ വച്ച് ആരും അവരുടെ അടുത്തേയ്ക്ക് പോയിട്ടില്ല. കരിങ്കൊടി കാട്ടി ഇനിയും പ്രതിഷേധിക്കും. ഉമ്മൻ ചാണ്ടിക്കെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു.
ആരോഗ്യമന്ത്രിയെ ആക്രമിക്കുന്ന ഒരു ചിത്രം ഏതെങ്കിലും വാർത്താമാധ്യമങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നും സതീശൻ ചോദിച്ചു. ആരെങ്കിലും മന്ത്രിയെ ആക്രമിച്ചിട്ടുണ്ടായിരുന്നെങ്കിൽ അവർക്കെതിരെ ശക്തമായ നടപടി എടുക്കുമായിരുന്നു.
പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കമെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ തനിക്കെതിരെ ആരും പ്രതിഷിച്ചോട്ടെയെന്ന് സതീശൻ മറുപടി പറയുകയും ചെയ്തു. താനാണല്ലോ കേരളം ഭരിക്കുന്നതെന്നും ആരോഗ്യ രംഗത്തെ ഇങ്ങനെ ആക്കിയത് താനണല്ലോ എന്നും സതീശൻ പരിഹസിച്ചു.
Kerala
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്യു പ്രവർത്തകർ നടത്തിയ കടന്നാക്രമണത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരവും ആസൂത്രിതവുമായ ആക്രമണമാണ് നടന്നതെന്നും ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു ഹീനമായ ആക്രമണം കേരളത്തിൽ ആദ്യമായാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരേസമയം ബിജെപിയും യൂത്ത് കോൺഗ്രസും മുസ്ലീം ലീഗും കെഎസ്യുവുമെല്ലാം പ്രതിഷേധവുമായി എത്തിയത് ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നതിന് തെളിവാണ്.
രാഷ്ട്രീയമായി നേരിടാൻ ശേഷിയില്ലാത്തവർ ക്രിമിനലുകളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമിക്കാമെന്നും എന്ത് ക്രൂരതയും ചെയ്യാമെന്നുമുള്ള "കനഗോലു സിദ്ധാന്തം' മുൻനിർത്തി ക്രിമിനലുകളെ വളർത്തുന്ന രീതിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്.
ജനാധിപത്യപരമായ സംവാദങ്ങൾക്കോ രാഷ്ട്രീയ പോരാട്ടത്തിനോ കഴിയില്ലാത്തവർ വംശഹത്യയുടെയും ക്രിമിനലിസത്തിന്റെയും വഴി തേടുകയാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കുനേരെ കൈയേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പ്രതിഷേധക്കാരുടെ കൈ മന്ത്രിയുടെ ശരീരത്തിൽ സ്പർശിക്കുന്നതായി ഒരു കാഴ്ചയും മാധ്യമങ്ങളിലൂടെ കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കഴുത്തിൽ കൈ വയ്ക്കുന്നതുമാത്രമാണ് കാണാൻ സാധിച്ചത്. ആ പരിക്ക് എന്താണെന്ന് കാണാൻ സാധിച്ചിട്ടില്ല. സിപിഎം നേതാക്കൻമാർ കരിങ്കൊടി പ്രതിഷേധം തടയാൻ വേണ്ടി ഇങ്ങനെ ഒരു സംഭവം കെട്ടിച്ചമച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്യു വൈസ് പ്രസിഡന്റിന്റെ പ്രസ്താവന കണ്ടു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞത്.സംഭവം പോലീസ് അന്വേഷിക്കട്ടെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്യു ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
District News
കോഴഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നതായി മന്ത്രി വീണാ ജോർജ്.കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിച്ച ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന വിദേശ കുത്തകമരുന്ന് കമ്പനികളുടെ പ്രചാരണം മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണെന്നും വീണാ ജോർജ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾ മിക്കവയും വിദേശ കമ്പനികൾ ഏറ്റെടുത്ത് കഴിഞ്ഞു. വിദേശത്ത് ആശുപത്രികൾ നടത്തുന്ന കമ്പനികളല്ല മറിച്ച് മരുന്ന് കമ്പനികളാണ് പല സ്വകാര്യ ആശുപത്രികളിലും 80ളം 90 ഉം ശതമാനം ഓഹരികൾ കൈവശപ്പെടുത്തിയിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു കിടക്കക്ക് ഒന്നരകോടി വില നൽകിയ ഇത്തരം കമ്പനികൾ കേരളത്തിലെ ആശുപത്രികളിലെ ഒരു കിടക്കകൾക്ക് 2.5 കോടി വരെ ചെലവാക്കിയിട്ടുണ്ട്. ഇവർ മുടക്കിയ പണം തിരികെപ്പിടിക്കണമെങ്കിൽ കേരളത്തിലെ സർക്കാർ ആരോഗ്യ മേഖല തകരണം. ഇതു മുന്നിൽകണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ജില്ലാ പഞ്ചായത്തംഗം സവിത അജയകുമാർ, ഡിഎംഒ ഡോ.എൽ.അനിതാ കുമാരി, മെഡിക്കൽ സൂപ്രണ്ട് ഡോ.നിധീഷ് ഐസക് സാമുവേൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കണ്ണൂര്‍: അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10ന് കണ്ണൂര്‍ കല്യാട് ഐആര്‍ഐഎ കാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
കെ.കെ. ശൈലജ എംഎൽഎ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കെ. സുധാകരന് എംപി, എം.വി. ഗോവിന്ദന് എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
300 ഏക്കറിലായി 200 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിരിക്കുന്നത്. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രി, ഔഷധസസ്യ ഗവേഷണ കേന്ദ്രം, നഴ്സറി, താളിയോല പഠന കേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്.
കാൻസർ ഗവേഷണത്തിനും വാർധക്യകാല രോഗങ്ങൾക്കുമുള്ള ചികിത്സയ്ക്കുമാണ് ഗവേഷണ കേന്ദ്രം പ്രഥമ പരിഗണന നൽകുന്നത്.
Kerala
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിനെ ബോധപൂർവം വേട്ടയാടുകയാണെന്ന് മന്ത്രി സജി ചെറിയാൻ. വീണാ ജോർജ് ചെയ്ത ക്രിയാത്മക പ്രവർത്തനങ്ങൾ പരിശോധിച്ചു നോക്കൂ എന്നും വിഷയങ്ങളിൽ നടപടി സ്വീകരിച്ച ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. പല മേഖലയിൽ പ്രശ്നങ്ങളുണ്ടാകും. അതിൽ മന്ത്രി ഉത്തരവാദിത്വം പറയേണ്ട കാര്യങ്ങളിൽ പ്രതികരിക്കും, നടപടി സ്വീകരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്നും സജി ചെറിയാൻ പറഞ്ഞു.
വേട്ടയാടലുകളെ പാർട്ടി പ്രതിരോധിക്കും. റീത്ത് വെച്ചുള്ള പ്രതിഷേധം വളരെ മോശം രീതിയാണ്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിന് കോൺഗ്രസ് പിന്തുണ നൽകുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട : ചികിത്സാ പിഴവ് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം വീണാ ജോര്‍ജ് തള്ളി. തന്റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ലതാൻ. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.